Connect with us

Crime

ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികൾ ഇളക്കി മാറ്റി സംഘം സാമ്പിൾ ശേഖരിച്ചു

Published

on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണ്ണായക നടപടിക്രമത്തിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പരിശോധനകൾക്കായി സന്നിധാനത്ത് എത്തി. ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികൾ ഇളക്കി മാറ്റി സംഘം സാമ്പിൾ ശേഖരിച്ചുതുടങ്ങി.

സ്വർണത്തിന്റെ കാലപ്പഴക്കവും ശുദ്ധിയും (പ്യൂരിറ്റി) കണ്ടെത്തുക എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. 2009-ൽ പൂശിയ സ്വർണ്ണവും 1998-ൽ യു വി ഗ്രൂപ്പ് പൂശിയ സ്വർണ്ണവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക എന്നത് കേസിൽ നിർണ്ണായകമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.

ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിൽ സ്ഥാപിച്ച പാളികൾ അഴിച്ചുമാറ്റി പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി ഇളക്കി സ്വർണത്തിന്റെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ശ്രീകോവിലിനോട് ചേർന്ന് അയ്യപ്പന്റെ ചരിത്രം ആലേഖനം ചെയ്ത സ്വർണ്ണപ്പാളിയിൽ നിന്നുള്ള സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ശബരിമല സ്പെഷ്യൽ കമ്മീഷണർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പരിശോധനകൾ നടക്കുന്നത്. നടയടച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥർ സോപാനത്തിനു മുന്നിലെ പരിശോധനകളിലേക്ക് കടക്കും എന്നാണ് ലഭിക്കുന്ന വിവരം.

അന്വേഷണ സംഘത്തിന് പരമാവധി സമയം ഉപയോഗിച്ച് തെളിവുകൾ ശേഖരിക്കാൻ അവസരമുണ്ട്. സാങ്കേതികമായി എത്ര സമയം വേണമെന്ന് തനിക്ക് അറിയില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്ക് എത്ര സമയം വേണമെങ്കിലും എടുത്ത് തെളിവുകൾ ശേഖരിക്കാമെന്നും തന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു.

Continue Reading