Connect with us

Crime

നടി അക്രമിക്കപ്പെട്ട കേസിൻ്റെ വിധി ഇന്ന് :എറണാകുളം പ്രിന്‍സിപ്പല്‍ കോടതി പരസരത്ത് കനത്ത സുരക്ഷ 

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എറണാകുളം പ്രിന്‍സിപ്പല്‍ കോടതി പരസരത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. എറണാകുളം സെന്‍ട്രല്‍ എസി രാജ് കുമാര്‍ അടക്കമുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും കോടതി പരിസരത്തേക്ക് എത്തിക്കഴിഞ്ഞു. രാവിലെ പത്തുമണിയോടെ നടന്‍ ദിലീപടക്കമുള്ള മുഴുവന്‍ പ്രതികളും കോടതിയിലേക്ക് എത്തും. വിധി അറിയാനായി പൊതുജനങ്ങളുടെ തിരക്ക് കോടതിപരിസരത്തുണ്ടാകുമെന്നുള്ള നിഗമനത്തിലാണ് വലിയ സുരക്ഷ ഒരുക്കുന്നത്. തിരക്കിനെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാലാണ് രാവിലെ മുതല്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്ത് വിന്യസിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോടതിക്ക് മുന്നിൽ പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനൊന്ന് മണിയോടെയാണ് കേസിന്റെ വിധി പ്രസ്താവ നടപടികള്‍ ആരംഭിക്കുക. എട്ടുവര്‍ഷം നീണ്ട കേസാണിത്. ആറുവര്‍ഷമായി അതിജീവിത നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് കേസിലെ അന്തിമവിധി തിങ്കളാഴ്ച ഉണ്ടാകാനിരിക്കുന്നത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.

Continue Reading