KERALA
പിണറായിയിൽ പൊട്ടിയത് ക്രിസ്മസ് പടക്കം; കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്ഫോടനമുണ്ടാകാം – ഇപി ജയരാജൻ
കണ്ണൂർ :പിണറായിയിൽ പൊട്ടിയത് ബോംബല്ലെന്നും ക്രിസ്മസ്, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിർമിച്ച പടക്കമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പിണറായി വെണ്ടുട്ടായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘നാട്ടിൻ പുറങ്ങളിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപോയാൽ സ്ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും. അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. അതിനെ ബോംബ് സ്ഫോടനമായും അക്രമത്തിനുള്ള തയാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്തെ തകർക്കർക്കരുത്. കണ്ണൂരിലെ ഇന്നത്തെ സമാധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
സാധാരണ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സംഘർഷമുണ്ടാകും. താരതമ്യേന സംഘർഷം കുറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ചുരുക്കം ചില സ്ഥലങ്ങളിൽ വാക്കുതർക്കമുണ്ടായി. സംഘർഷമുണ്ടാകാനുള്ള പ്രേരണ ആരും നൽകരുത്. കണ്ണൂരിനെ കളങ്കപ്പെടുത്താൻ കണ്ണൂർ വിരുദ്ധ പ്രചാരണ വേല നടത്തിയിരുന്നു. ഇപ്പോൾ അതൊക്കെ കാലഹരണപ്പെട്ട് നല്ല അന്തരീക്ഷമാണ്.എസ്എൻഡിപി യോഗത്തിന്റെ നേതാവ് മുഖ്യമന്ത്രിക്കൊപ്പം കാറിൽ വന്നത് കൊണ്ട് വോട്ടു വരുമെന്നോ പോകുമെന്നോ ഞങ്ങൾ കരുതുന്നില്ല’’ – ഇ.പി. ജയരാജൻ പറഞ്ഞു.
