Crime
ടി പി വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് സർക്കാർ
ന്യൂഡൽഹി: ടി പി വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ. ഹൈക്കോടതി കുറ്റക്കാരൻ എന്ന് വിധിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.
ആരോഗ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാലെ ജ്യോതി ബാബുവിന്റെ ചികിത്സ സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു.
ജ്യോതി ബാബുവിന് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നടപടികൾ ജയിൽ അധികൃതർ സ്വീകരിച്ച് വരുന്നതായും സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷോങ്കർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാരും കുറ്റവാളികളും തമ്മിൽ ഒത്ത് കളിക്കുന്നുവെന്ന് കെ.കെ. രമ നേരത്തെ കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. കുറ്റവാളികളുടെ ജാമ്യത്തെ പോലും സർക്കാർ എതിർക്കുന്നില്ലെന്ന് രമയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. എന്നാൽ നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് രമ ഗാലറിക്ക് വേണ്ടി കളിക്കുകയാണെന്നായിരുന്നു സർക്കാർ അഭിഭാഷകൻ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാർ ജ്യോതി ബാബുവിന്റെ ജാമ്യത്തെ എതിർത്ത് സുപ്രീം കോടതിയിൽ സത്യാവങ്മൂലം ഫയൽ ചെയ്തതെന്നത് ശ്രദ്ധേയമാണ്.
