KERALA
എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് അംഗീകാരം :യോജിച്ചുപോകുമെന്നു സുകുമാരൻ നായർ
ആലപ്പുഴ: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകി. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി. ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണെന്നും വികാരപരമായാണ് കമ്മിറ്റി ഈ വിഷയം എടുത്തിട്ടുള്ളതെന്നും എസ്എൻഡിപി യോഗം അധ്യക്ഷൻ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ ഐക്യത്തിന് പച്ചക്കൊടി കാട്ടി എൻ. എസ് എസ് ജന സെക്രട്ടറി സുകുമാരൻ നായരും രംഗത്തെത്തി
എസ്എൻഡിപി യോഗത്തിന് ഒരുസമുദായത്തോടും ഒരു വിരോധവുമില്ല. മുസ്ലിം ലീഗിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലിം സമുദായത്തോടുള്ള വിരോധമായി വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപിയുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും സമന്വയത്തോടും സൗഹാർദത്തോടും കൂടി മുന്നോട്ടുപോകണമെന്ന് ചിന്തിക്കുന്ന സംഘടനയാണ് എസ്എൻഡിപി. യോഗമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതംചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തുടർന്ന് രംഗത്തെത്തി. ഐക്യമെന്നത് ഉറപ്പാണെന്നും എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി. സുകുമാരൻ നായരുടെയും പ്രതികരണം.
എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്ത രീതിയിൽ എൻഎസ്എസും എസ്എൻഡിപിയും യോജിച്ചുപോകുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
”അവർ വരട്ടെ, അവർ വരുമ്പോൾ കാര്യങ്ങൾ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചർച്ച കഴിഞ്ഞിട്ട് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും. ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അത് എൻഎസ്എസിന്റെ ആധികാരികമായ യോഗത്തിൽ അവതരിപ്പിച്ച് അത് അംഗീകരിച്ച് എടുപ്പിക്കുക എന്നത് എന്റെ ഔദ്യോഗിക ചുമതലയാണ്. അത് ചെയ്യും. സംവരണവിഷയത്തിൽ കുറച്ച് അനൈക്യം ഉണ്ടായി. അതിനുശേഷം രണ്ടുസംഘടനകളും യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെ പോവുകയാണ്. ഇപ്പോൾ അത് ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ട് എൻഎസ്എസും എസ്എൻഡിപിയും അത് അംഗീകരിക്കുന്നു. എൻഎസ്എസും എസ്എൻഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവർ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മൾ അത് സ്വാഗതംചെയ്യുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും”, സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഐക്യത്തിനെതിരേ സംസാരിക്കുന്നവരെ പുച്ഛിച്ച് തള്ളുന്നതായും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ”വൈകീട്ടാകുമ്പോൾ കുറേ യോഗ്യന്മാർ തോന്നിയതൊക്കെ വിളിച്ചുപറയുന്നുണ്ട്. അതിന് മറുപടിയില്ല. അതെല്ലാം പുച്ഛിച്ച് തള്ളുന്നു. ഇത് വർഗീയതയൊന്നുമല്ല. ഇത് തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. ഞങ്ങൾക്ക് തിരഞ്ഞെടുപ്പൊന്നും പ്രശ്‌നമല്ല. ഞങ്ങൾക്ക് സമദൂരമാണ്. ഞങ്ങളുടെ ആളുകൾ ഇഷ്ടമുള്ളവർക്ക് വോട്ട്‌ചെയ്യും”, അദ്ദേഹം വ്യക്തമാക്കി
