KERALA
പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.
പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങുമെന്നും, തരൂർ മാധ്യമങ്ങളോടു പറഞ്ഞു.
രാവിലെ 11 മണിയോടെ ലോക്‌സഭയിലെത്തിയ തരൂർ അൽപസമയത്തിനകം സഭയിൽനിന്നിറങ്ങി. കോഴിക്കോട് എംപി എം.കെ. രാഘവനുമായി അദ്ദേഹത്തിന്റെ സീറ്റിലെത്തി അൽപനേരം സംസാരിച്ചശേഷമായിരുന്നു ഇത്. തുടർന്ന് മല്ലികാർജുൻ ഖാർഗെയുടെ മുറിയിലേക്ക് പോയി. അവിടെ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. പതിനൊന്നേകാലോടെയാണ് ചർച്ച ആരംഭിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്
