KERALA
സി പി എം വിട്ട ബി.എൻ. ഹസ്കറിനെ തെരഞെടുപ്പ് കളത്തിൽ ഇറക്കാൻ യുഡി എഫ്
കൊല്ലം: സി.പി.എം വിട്ട് ആർ.എസ്.പിയിൽ ചേർന്ന, ചാനൽ ചർച്ചകളിലെ ഇടത് നിരീക്ഷകൻ അഡ്വ. ബി.എൻ. ഹസ്കറിനെ തെരഞെടുപ്പ് കളത്തിൽ ഇറക്കാൻ യുഡി എഫ്. കൊല്ലം ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി ഹസ്കറിനെ പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെ തുടർന്നാണ് ഹസ്കറും സി.പി.എമ്മും തമ്മിൽ അകൽച്ച തുടങ്ങിയത്.
വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ കയറ്റിയതിനെയാണ് ഹസ്കർ വിമർശിച്ചത്. പിണറായി വിജയൻ ചെയ്ത തെറ്റിനെ പാർട്ടി തിരുത്താതിരുന്നത് കാപട്യമാണന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് സി.പി.എം കൊല്ലം ജില്ല കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് ഹസ്കറിനെ ശാസിച്ചത്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ. സോമപ്രസാദ് ഹസ്കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകൻ എന്ന പേരിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്തിരുന്നു. തുടർന്ന് ‘ഇടത് നിരീക്ഷകൻ’ എന്ന സ്ഥാനം ഒഴിഞ്ഞെന്ന് ഹസ്കർ പറഞ്ഞിരുന്നു.
രക്തസാക്ഷി ഫണ്ട് പോലും തട്ടിയ പാർട്ടിക്കൊപ്പം ഇനി തുടരാനാവില്ലെന്നും ഹസ്കർ പ്രതികരിച്ചു. ഇന്നലെ ചവറയിൽ നടന്ന ബേബിജോൺ അനുസ്മരണ സമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം ആർ.എസ്.പിയിൽ ചേർന്നത്. ‘സിപിഎം നേതൃനിര വലതുപക്ഷ വ്യതിയാനത്തിന്റെ അവസാനത്തെ ഘട്ടത്തിലാണ് നിൽക്കുന്നത്. രക്തസാക്ഷി ഫണ്ടുകൾ പോലും വെട്ടിച്ചതായി പാർട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ആൾ വിളിച്ചു പറയുന്നു. ആ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിന് പുറത്താക്കുകയും ആ ചോദ്യത്തിന് പുതിയ പാഠഭേദം മെനയുകയുമാണ് പാർട്ടി ചെയ്യുന്നത്. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന നേതാക്കന്മാരെ സംരക്ഷിക്കുന്ന പാർട്ടിയിൽ ഒരു നിമിഷം പോലും തുടരുക അസാധ്യമായ ഘട്ടത്തിലാണ് മറ്റൊരു മാർക്സിസ്റ്റ് -ലെനിസ്റ്റ് പാർട്ടിയിലേക്ക് ചേക്കാറാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ഇന്ന് ഇടതുപക്ഷ ഇടപെടലുകൾ നടത്തുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും ആണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലും കേരളത്തിൽ ഇടതുപക്ഷ ബദലായി നിൽക്കുകയും ഇടതുപക്ഷത്തിന്റെ വർത്തമാനം പറയുകയും ചെയ്യുന്നത് വി.ഡി. സതീശനും ഷിബു ബേബി ജോണും ഒക്കെയാണ് എന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സിപിഎം വിടാൻ തീരുമാനിച്ചത്. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൻ പൊതുയോഗത്തിൽ വെച്ച് ഹസ്ക്കറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചിരുന്നു
