Connect with us

KERALA

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. രണ്ട് തവണ നിർത്തി വെച്ചു

Published

on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎല്‍എയാണ് സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ചത്. രണ്ട് തവണ ഇത് തുടർന്നു. പ്രതിഷേധിച്ച വാച്ച് ആൻ്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എൻ ഷംസീർ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താൽകാലികമായി 9.40 ന്  നിർത്തി. തുടർന്ന് 10 മണിക്ക് സഭ ആരംഭിച്ചപ്പോൾ വീണ്ടും ബഹളം നടന്നു. മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ളവർ സ്പിക്കറുടെ ഡയസിൽ കയറാൻ ശ്രമം നടത്തി. സംഘർഷത്തിലേക്ക് പോയതോടെ സഭ 10.20 ന് വീണ്ടും നിർത്തി

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയില്‍ ആരോപിച്ചു. കേസിലെ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് എസ്‌ഐടി അന്വേഷണം ഈ രീതിയിൽ മുന്നോട്ടുപോയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുമായി നടുത്തളത്തിലിറങ്ങി. ബാനർ താഴ്ത്തണമെന്നും ഇല്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ എ എൻ ഷംസീർ മുന്നറിയിപ്പ് നൽകി. വിഷയ ഭാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തരപ്രമേയം പോലുമില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്‍റെ മറുപടി. നടുത്തളത്തിന് തൊട്ടരികെയെത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയായിരുന്നു.

Continue Reading