KERALA
വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം തല്ലിയെന്ന് മുഖ്യമന്ത്രി; വാച്ച് ആൻഡ് വാർഡ് പ്രകോപിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎമാർ ഡയസിൽ കയറാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ്
വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം തല്ലിയെന്ന് മുഖ്യമന്ത്രി; വാച്ച് ആൻഡ് വാർഡ് പ്രകോപിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎമാർ ഡയസിൽ കയറാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന ആരോപങ്ങവുമായ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഇത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും തങ്ങളത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാനർ പിടിച്ച ഒരാൾ വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലുകയായിരുന്നു. സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് തോന്നുന്നു. ആ ഘട്ടത്തിലാണ് വാച്ച് ആൻഡ് വാർഡ് അത് തടുക്കാനും പിടിക്കാനും നോക്കുന്നത്. ഇത് ഞങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഈ സംഭവങ്ങൾ ഉണ്ടാകുന്നത്. ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് നോക്കിയത്. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങൾക്ക് സഭ അപലപിക്കണം’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സഭയിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറാൻ ശ്രമം നടത്തിയിരുന്നു. സ്പീക്കറുടെ മുഖം മറച്ച് പിടിച്ച ബാനർ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് സഭ രണ്ടു തവണ നിർത്തിവെച്ചു. വാച്ച് ആൻഡ് വാർഡ് പ്രകോപിപ്പിച്ചതിനെ തുടർന്നാണ് യുഡിഎഫ് എംഎൽഎമാർ ഡയസിൽ കയറാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിന്നീട് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തിൽ സംശയമുണ്ടാക്കുന്നുവെന്ന് കോടതി വരെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അന്വേഷണം തടസ്സപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറിയ രീതി ജനാധിപത്യ മര്യാദയല്ലെന്ന് സ്പീക്കർ പറഞ്ഞു.
ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല, സ്പീക്കർക്കുമുണ്ട്. സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.
പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും, സാധാരണ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ചേംബറിലേക്ക് ഇരുപക്ഷത്തേയും വിളിച്ച് സംസാരിക്കുകയാണ് സ്പീക്കർ ചെയ്യാറുള്ളതെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി. തങ്ങൾ സഭ ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ പ്രതിപക്ഷം ഇറങ്ങി പോകുകയും ചെയ്തു.
പിന്നീട് സംസാരിച്ച മുഖ്യമന്ത്രി ആദ്യം കേസിന്റെ വിശദാംശങ്ങളെ കുറിച്ച് പറഞ്ഞു. ശബരിമല കേസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്. അതിന്റെ മേൽനോട്ടത്തിലാണ് എസ്‌ഐടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എസ്‌ഐടിക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം ഹൈക്കോടതി മറുപടി നൽകിയിട്ടുണ്ട്. സർക്കാരല്ല അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് അന്വേഷണത്തിൽ സംശയങ്ങളുണ്ടാകുന്നുവെന്നതടക്കമുള്ള നിരീക്ഷണങ്ങൾ നടത്തിയത് ഹൈക്കോടതി ഏകാംഗ ബെഞ്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. പിന്നീടാണ് പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെ അടിച്ചുവെന്നടക്കമുള്ള ആരോപണം മുഖ്യമന്ത്രി ഉയർത്തിയത്.
