KERALA
എന്ന് മുതലാണ് ഞാൻ പാർട്ടി വിരുദ്ധനായത്?’; കെ.കെ. രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ
‘
പയ്യന്നൂർ : രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ജില്ലാ സെക്രട്ടറി പറയുന്നതെന്നും താൻ എന്ന് മുതലാണ് പാർട്ടി വിരുദ്ധനായതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. പയ്യന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പുസ്തക പ്രകാശനം സി.പി.എം വിരുദ്ധരുടെ ഒത്തുചേരലായിരുന്നു എന്ന രാഗേഷിന്റെ പ്രസ്താവന തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തവർ സി.പി.എം വിരുദ്ധരാണെന്ന് പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർക്ക് പറയാൻ സാധിക്കുമോ? പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത ഒരു പൊതുപരിപാടിയായിരുന്നു അത്. കഴിഞ്ഞ നാല് വർഷമായി പാർട്ടിക്കകത്ത് ഈ വിഷയങ്ങൾ ഉന്നയിച്ച് പോരാട്ടം നടത്തിവരികയായിരുന്നു. എന്നാൽ ആ പോരാട്ടം ഫലം കാണാതെ വന്നപ്പോഴാണ് ജനങ്ങളോട് സംസാരിക്കാൻ തീരുമാനിച്ചത്. ഈ പോരാട്ടത്തെ വ്യക്തിപരമായ വിരോധമായി ചിത്രീകരിച്ച് വഴിതിരിച്ചുവിടാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
