KERALA
തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമന മത്സരിക്കും.
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചലച്ചിത്രതാരം സുധീർ കരമന മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. തീരുമാനത്തിനെതിരെ ആദ്യഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് സിപിഎം നേതൃത്വം ഇടപെടുകയായിരുന്നു. സുധീർ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തൽ.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുവേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തയാണ് സുധീർ കരമന. അദ്ദേഹത്തിൻ്റെ ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവും മണ്ഡലത്തിൽ ഇടത് മുന്നണിക്ക് ഗുണകരമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നടൻ കരമന ജനാർദ്ദനൻ നായരുടെ മകനാണ് സുധീർ കരമന.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച ഏക സീറ്റായിരുന്നു തിരുവനന്തപുരത്തേത്. ജയിച്ച ആന്റണി രാജു മന്ത്രിയാവുകയും ചെയ്തു. തൊണ്ടിമുതൽകേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടർന്നു.
മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റ് കരമന ജയനെ പ്രഖ്യാപിച്ചു. നടൻ ജി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാൻ ആലോചിച്ചിരുന്നുവെങ്കിലും കരമന ജയനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്തിടെ പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം സന്ദർശിച്ച ചിത്രങ്ങളടക്കം കൃഷ്ണകുമാർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്. ദൈവികം ഈ ബന്ധമെന്നും ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നുവെന്നുമാണ് കൃഷ്ണകുമാർ സാമൂഹികമാധ്യമത്തിൽ കുറിച്ചത്.
