Crime
പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ ആണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. ധാർമ്മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടിക്കാർ കൂടി ഈ ധാർമ്മികത കാണിക്കട്ടെയെന്നും ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്ന് യുവതി. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്.
