Connect with us

KERALA

യു.ഡി.എഫ്. ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങളെ ജനം തള്ളിക്കളയുമെന്ന് പിണറായി

Published

on

പാലക്കാട്: കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിന്റെ കാർഷിക മേഖല ചരിത്രപരമായ മുന്നേറ്റമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കാർഷിക മേഖലയിലെ ദേശീയ വളർച്ച 2.1 ശതമാനമായിരിക്കെ, കേരളം 4.65 ശതമാനം എന്ന മികച്ച വളർച്ചാനിരക്ക് കൈവരിച്ചു. ദേശീയ വളർച്ചയുടെ ഇരട്ടിയിലധികം നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചുവെന്നത് സംസ്ഥാനത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം വിജയകരമായി നടപ്പിലാക്കി. ഈ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദീർഘകാല പദ്ധതികളുമായാണ് സർക്കാർ ഇപ്പോൾ മുന്നോട്ടുപോകുന്നത്. കർഷകർക്കുള്ള ധനസഹായം, നെല്ല് സംഭരണം, ഉത്പാദനക്ഷമതയിലെ വർധന എന്നിവ സംബന്ധിച്ച കണക്കുകളും മുഖ്യമന്ത്രി വിശദീകരിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണിയും വിലയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്കും പഴങ്ങൾക്കും തറവില പ്രഖ്യാപിച്ചത് കേരളമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് മികച്ച സ്ഥാനാർഥിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ്. ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങളെ ജനം തള്ളിക്കളയും. രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, യു.ഡി.എഫ്. നുണപ്രചാരണങ്ങൾ നടത്തുമ്പോൾ എൽ.ഡി.എഫ്. വികസനനേട്ടങ്ങൾ മുൻനിർത്തിയാണ് വോട്ടുതേടുന്നതെന്നും പറഞ്ഞു. ജനം വികസനം വിലയിരുത്തി വോട്ട് ചെയ്യുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും പിണറായി കൂട്ടിച്ചേർത്തു.

Continue Reading