KERALA
മുസ്‌ലിം ലീഗിൽ നിന്ന് വനിതാ ലീഗിനു കടുത്ത അവഗണന : ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്.
കോഴിക്കോട് : വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്. മുസ്‌ലിം ലീഗിൽ നിന്ന് വനിതാ ലീഗിനു കടുത്ത അവഗണന നേരിടുന്നതായി കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അവർ കുറ്റപ്പെടുത്തി. പദവിയിൽ ഇല്ലെങ്കിലും പാർട്ടിയിൽ തുടരും.
‘‘രാഷ്ട്രീയത്തിൽ ഇറങ്ങിയത് സമ്പാദിക്കാനല്ല. ഫോട്ടോഷൂട്ടിനു വേണ്ടിയുള്ള സമരങ്ങളും അറസ്റ്റും ആണോ നമുക്ക് ആവശ്യം. ഫോട്ടോഷൂട്ടിലൂടെയുളള സംസ്കാരം മാറ്റണം. പട പൊരുതിയിട്ട് തന്നെയാണ് ഞങ്ങളും രംഗത്തുവന്നത്. മോദിക്കെതിരെ ഡൽഹിയിലും ഞങ്ങൾ സമരം ചെയ്തിട്ടുണ്ട്. റീൽ അല്ല റിയൽ ലൈഫിലൂടെയാണ് നമ്മൾ ജനങ്ങളോട് സംവദിക്കുന്നത്. റീൽ ഉണ്ടാക്കണമെന്ന് വച്ചാൽ എളുപ്പമാണ്. വനിതാ ലീഗിനും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നൽകേണ്ടിയിരുന്നു. ഞങ്ങൾ ഒന്നിലും ഭാഗമല്ല, ഞങ്ങളോട് ചോദിച്ചിട്ടില്ല, ബോധ്യപ്പെടുത്തിയിട്ടുമില്ല. 51 ശതമാനം സ്ത്രീകൾ മത്സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പോലും വനിതാ ലീഗിന് സാന്നിധ്യം ലഭിച്ചില്ല.
.വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് വനിതാ ലീഗ് വലിയൊരു സംസ്ഥാന സമ്മേളനം നടത്തിയപ്പോൾ വേദിയിൽ പുരുഷ നേതാക്കന്മാർ ഉണ്ടായിരുന്നില്ല അത്രമാത്രം ഗംഭീരമായ വനിതാ ലീഗിന്റെ നേതൃത്വനിര വേദിയിൽ ഇരിക്കുമ്പോൾ മുസ്‌ലിം ലീഗിലെ സമുന്നത നേതാക്കൾ പോലും അന്ന് സദസ്സിലായിരുന്നു. വർഷങ്ങളോളം നിരവധി പോരാട്ടം നടത്തിയാണ് 2009 ൽ വനിതാ ലീഗിന് ഒരു ബൈലോ ഉണ്ടായത്. പ്രസ്ഥാനത്തിൽ ഞങ്ങൾ ഒഴുക്കിയ വിയർപ്പും ഞങ്ങൾ എടുത്ത ക്ഷമയും മനസ്സിലാക്കണം. ഇന്നുവരെ വനിതാ ലീഗിനു സ്വന്തമായി ഒരു അംഗത്വ ക്യാംപെയ്ൻ നടത്താൻ അനുമതി ലഭിച്ചിട്ടില്ല. മുസ്‌ലിം ലീഗിന്റെ അംഗത്വം എന്റെ ഹൃദയത്തിലാണു സൂക്ഷിക്കുന്നത്. പാർട്ടിയിൽ നിന്ന് ഒരു ഫണ്ടും ബത്തയും വാങ്ങാറില്ല. ഭരണഘടന അനുശ്വാസിക്കുന്ന അവകാശങ്ങൾ നേടിയെടുത്ത് അവകാശങ്ങൾ മുറുക്കെ പിടിച്ച് നിലനിർത്തുന്നതിനു വേണ്ടിയുള്ളതാണ് രാഷ്ട്രീയ പ്രവർത്തനം. വനിതാ ലീഗുകാർ ഒരു സ്ഥാനമാനങ്ങളും ചോദിച്ചു വാങ്ങിയതല്ല. എല്ലാം മെറിറ്റിന്റെ അടിസ്ഥാനത്തിൽ പാർട്ടി നൽകിയത് തന്നെയാണെന്നും നൂർബിന പറഞ്ഞു
