Connect with us

KERALA

മുഖ്യമന്ത്രി പോരിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി

Published

on

കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കൾ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴി വെച്ചതെന്നും മുസ്ലിം ലീ​ഗ് വിലയിരുത്തുന്നു. കോൺഗ്രസ്‌ നേതാക്കൾ പരസ്യ പ്രതികരണം തുടർന്നാൽ ഹൈക്കമാന്റ് ഇടപെടൽ ആവശ്യപ്പെടാനും നീക്കമുണ്ട്. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടിലാണ് ലീ​ഗ്. കോൺഗ്രസ്‌ ചോദിക്കുമ്പോൾ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നുമാണ് ലീഗിലെ ധാരണ.

അതേസമയം, യുഡിഎഫ് ക്യാമ്പിൽ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും വടംവലികളും നിരീക്ഷിക്കുകയാണ് ഹൈക്കമാൻഡ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികൾ തുടങ്ങിയതോടെ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്.

മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേൾക്കുന്നത്. വോട്ടെണ്ണലിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ നേതാക്കളുടെ അനുയായികൾ തമ്മിലുള്ള ‘പോസ്റ്റർ, കമന്റ് യുദ്ധം’ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.

Continue Reading