Crime
രക്ഷാ പ്രവർത്തകർക്ക് സസ്പെൻഷൻ :മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്കെതിരെയാണ് നടപടി
തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ. പൊലീസ് ആസ്ഥാനത്തുനിന്ന് ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി.
2023ൽ ആലപ്പുഴയിൽ നടന്ന സംഭവത്തിൽ എസ്ഐടി റിപ്പോർട്ട് നേരത്തേ പൊലീസ് ആസ്ഥാനത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പ്രതിഷേധക്കാരെ നേരിടാൻ ഗൺമാൻമാർ ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല എന്നും പ്രവർത്തകരെ മർദിച്ചത് കുറ്റകൃത്യമായി കണക്കാക്കി ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു.
2023 ഡിസംബര്‍ 5ന് വൈകിട്ട് നവകേരള സദസ് പരിപാടിക്കു വന്ന മുഖ്യമന്ത്രിയുടെ ബസിനു മുന്നില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷനു സമീപം പ്രതിഷേധിച്ച കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍നിന്നു ചാടിയിറങ്ങിയ ഗണ്‍മാനും സംഘവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. എ.ഡി.തോമസ് ഇപ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ്.
