Connect with us

KERALA

തെറ്റുപറ്റിയെന്ന് ഇനിയെങ്കിലും സമ്മതിച്ചുകൂടേ, പാർട്ടിയുടെ തകർച്ചയ്‌ക്ക് കാരണം സിപിഎം നേതൃത്വം

Published

on

തെറ്റുപറ്റിയെന്ന് ഇനിയെങ്കിലും സമ്മതിച്ചുകൂടേ, പാർട്ടിയുടെ തകർച്ചയ്‌ക്ക് കാരണം സിപിഎം നേതൃത്വം

കണ്ണൂർ: സിപിഎം സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പയ്യന്നൂർ, തളിപ്പറമ്പ് എംഎൽഎമാരായ വി കുഞ്ഞികൃഷ്‌ണനും ടി കെ ഗോവിന്ദനും. തളിപ്പറമ്പ്, പയ്യന്നൂർ തോൽവി ജില്ലാ കമ്മിറ്റിയുടെ തലയിൽ കെട്ടിവച്ച് സംസ്ഥാന നേതൃത്വം കയ്യൊഴിയുന്നുവെന്ന് എംഎൽഎമാർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ചവരാണ് ഇരുവരും.

‘പാർട്ടിയുടെ താഴേത്തട്ടിലുള്ള ഘടകങ്ങളിൽ നിന്നുള്ള ഒരു ചർച്ചയും സംസ്ഥാന കമ്മിറ്റി റിവ്യൂവിൽ ഉൾപ്പെടുത്തിയിട്ടില്ല. അത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ നിന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിൽ എം വി ഗോവിന്ദന്റെ നിലപാട്, സ്ഥാനാർത്ഥികളെ നിശ്ചയിച്ച തെറ്റായ രീതികൾ, മതേതരത്വ മനസുള്ള ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാനിടയായ സംഭവങ്ങൾ എന്നിവയെല്ലാം താഴേത്തട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. റിവ്യൂ റിപ്പോർട്ടിൽ ഇതൊന്നും പരാമർശിക്കപ്പെട്ടിട്ടില്ല. 27 സ്ഥാനാർത്ഥികളിൽ 24പേരും തോറ്റു. അതെല്ലാം പാർട്ടി മണ്ഡലം കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അംഗീകരിക്കാത്ത സ്ഥാനാർത്ഥികളാണ്.

തളിപ്പറമ്പിലും പയ്യന്നൂരിലുമുണ്ടായ അനുഭവങ്ങൾ ഞങ്ങൾ രണ്ടുപേരും നേരത്തേ പറഞ്ഞിട്ടുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും തോൽക്കാൻ കാരണം ജില്ലാ കമ്മിറ്റിയെന്നാണ് ഇപ്പോൾ പാർട്ടി നേതൃത്വം പറയുന്നത്. യഥാർത്ഥത്തിൽ ഇത് കബളിപ്പിക്കലാണ്. പാർട്ടി വഞ്ചനയാണ്. സത്യം ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും മൂടിവയ്‌ക്കലാണ്. ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും എതി‌ർത്തവർ എങ്ങനെ സ്ഥാനാർത്ഥികളായി. ഇനിയെങ്കിലും ആർജവത്തോടെ പാർട്ടിയോടും ജനങ്ങളോടും പറഞ്ഞുകൂടേ ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന്. നിങ്ങൾ തിരുത്തുമെന്ന് എങ്ങനെ വിശ്വസിക്കണം. പാർട്ടിയുടെ തകർച്ചയ്‌ക്ക് കാരണം നേതൃത്വമാണ്’ – ടി കെ ഗോവിന്ദൻ പറഞ്ഞു.’തെറ്റുപറ്റി എന്ന് പറയുമ്പോൾ എന്ത് തെറ്റാണ് പറ്റിയെന്ന് പറയാനുള്ള ബാദ്ധ്യത സംസ്ഥാന നേതൃത്വത്തിനില്ലേ. സ്ഥാനാർത്ഥിയെ മാറ്റാൻ എല്ലാവരും പറഞ്ഞിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ്. ഉൾപ്പാർട്ടി ജനാധിപത്യത്തിന് വിലകൽപ്പിക്കാത്ത പാർട്ടിയായി സിപിഎം മാറിക്കൊണ്ടിരിക്കുകയാണ്. പാർട്ടി ഏകാധിപത്യത്തിലേക്കാണ് പോകുന്നത്. ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് അതാണ്’ – വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.

Continue Reading