Connect with us

NATIONAL

ലോകസഭയിലെ 170 മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങൾ രണ്ടായി വിഭജിക്കാനും 111 മണ്ഡലങ്ങൾ മൂന്നായി വിഭജിക്കാനും ശുപാർശ

Published

on



ന്യൂഡൽഹി: രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് സുപ്രധാന ശുപാർശകളുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ. നിലവിലെ വലിയ 170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്നാണ് കൗൺസിൽ മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശം. ഇതുസംബന്ധിച്ച നിർദേശം സാമ്പത്തിക ഉപദേശക കൗൺസിൽ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

ആകെ 170 മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങൾ രണ്ടായി വിഭജിക്കാനും 111 മണ്ഡലങ്ങൾ മൂന്നായി വിഭജിക്കാനുമാണ് ശുപാർശ ചെയ്തിരിക്കുന്നത്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും വലിയ മണ്ഡലങ്ങൾ വിഭജിക്കണമെന്ന നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആയി വർദ്ധിക്കും.

തമിഴ്‌നാട്ടിലെ മണ്ഡലങ്ങളുടെ എണ്ണം 59 ആയി ഉയരും. കർണാടകയിൽ 28-ൽ നിന്ന് 42 ആയും, തെലങ്കാനയിൽ 17-ൽ നിന്ന് 28 ആയും, ആന്ധ്രാപ്രദേശിൽ 25-ൽ നിന്ന് 38 ആയും സീറ്റുകൾ വർദ്ധിക്കും. ഉത്തർപ്രദേശിൽ സീറ്റുകൾ 80-ൽ നിന്ന് 120 ആയും മഹാരാഷ്ട്രയിൽ 48-ൽ നിന്ന് 72 ആയും വർദ്ധിക്കുമെന്ന് ശുപാർശയിൽ പറയുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ രീതിയിലുള്ള സീറ്റ് നഷ്ടം സംഭവിക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഇത് പരിഹരിക്കാനാണ് ഒരു യൂണിഫോം പാറ്റേണിന് പകരം വലിയ മണ്ഡലങ്ങളെ വിഭജിക്കുക എന്ന പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

നേരത്തെ പാർലമെന്റിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മണ്ഡല പുനർനിർണയ നീക്കങ്ങൾ വിജയിച്ചിരുന്നില്ല. വരാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ഈ വിഷയം വീണ്ടും ചർച്ചയാകാനിരിക്കെയാണ് ഈ നിർണ്ണായക ശുപാർശ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രസർക്കാർ ഈ ശുപാർശകൾ പരിഗണിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Continue Reading