KERALA
വഖഫ് ബോർഡ് പിരിച്ചുവിടും. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ല
കൊച്ചി: നിലവിലുള്ള വഖഫ് ബോർഡിനെ സർക്കാർ പിരിച്ചുവിടും. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് കണ്ടതിനാലും ബോർഡിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നുമാണ് നടപടി. ബോർഡ് പിരിച്ചുവിട്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങിയേക്കും. നാലര വർഷത്തോളം കാലാവധി ബാക്കിനിൽക്കെയാണ് ബോർഡ് പിരിച്ചുവിടുന്നത്.
കഴിഞ്ഞ മാർച്ചിലാണ് അഞ്ച് വർഷം കാലാവധിയുള്ള കെ എസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് നിലവിൽ വന്നത്. 11 അംഗ ബോർഡിൽ ആകെ ഒൻപത് പേർ മാത്രമാണുണ്ടായിരുന്നത്. സുപ്രീം കോടതി ഉത്തരവുകളും വഖഫ് നിയമഭേദഗതിയും അനുസരിച്ചാകും പുനഃസംഘടന നടത്തുക.
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് ഹൈക്കോടതി നേരത്തെ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ നയപരവും സുപ്രധാനവുമായ തീരുമാനങ്ങളെടുക്കരുത്, മൂലധന ചെലവുകളുണ്ടാക്കരുത്, വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം പ്രവർത്തനം എന്നിങ്ങനെ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടിരുന്നു.
പുതിയ നിയമപ്രകാരം കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ട് അംഗങ്ങളെയും ഷിയ അംഗത്തെയും ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസും (ആക്ട്സ്) ഫയൽചെയ്ത ഹർജികളാണ് പരിഗണിച്ചത്.
2025ലെ നിയമഭേദഗതി പ്രകാരം, മുസ്ലിം അല്ലാത്ത രണ്ട് അംഗങ്ങൾ വഖഫ് ബോർഡിൽ വേണം. രണ്ട് അംഗങ്ങളുടെ തസ്തിക ഒഴിച്ചിട്ട് ബോർഡ് പുനഃസംഘടിപ്പിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
