KERALA
സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സിപിഎമ്മിൽ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും എം.വി. ഗോവിന്ദൻ.

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സിപിഎമ്മിൽ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദൻ. ചില പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. മുമ്പും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് കൊടുക്കുമ്പോൾ. അതെല്ലാം സംഘടനാ പരമായി പരിഹരിക്കാവുന്നതേയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
എത്ര വലിയ നിരയായായാലും പാർട്ടി തീരുമാനമെടുത്തുകഴിഞ്ഞാൽ, ആ തീരുമാനത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ പൊന്നാനി തിരഞ്ഞെടുപ്പിന്റെ സമയത്തും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു. സ്ഥാനാർഥിനിർണയത്തിൽ നിന്ന് പിന്നോട്ട് പോകില്ല. നടപടിയുണ്ടാകുമോ എന്ന് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നടപടിയുണ്ടോകുമോ എന്ന സംഘടനാ തീരുമാനം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥിനിർണയത്തെച്ചൊല്ലി സി.പി.എം. നേതൃത്വത്തിനെതിരേ മലപ്പുറം പൊന്നാനിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനുപേർ തെരുവിലിറങ്ങിയിരുന്നു. പൊന്നാനി മണ്ഡലത്തിലെ ഏഴ് ബ്രാഞ്ച് സെക്രട്ടറിമാരും മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. ഡി.വൈ.എഫ്.ഐ.യുടെ രണ്ട് മേഖലാ കമ്മിറ്റികളും രാജിനൽകി. കോഴിക്കോട് കുറ്റ്യാടിയിൽ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതിന് എതിരേയും പ്രകടനംനടന്നു.
നേരത്തെ പാലക്കാട് തരൂരിൽ മന്ത്രി എ.കെ. ബാലന്റെ പിൻഗാമിയായി ഭാര്യ പി.കെ. ജമീലയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം എതിർപ്പ് ശക്തമായപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപേക്ഷിച്ചിരുന്നു.