KERALA
കെ. ടി ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനാണ് നീക്കം

മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ പൊന്നാനിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സിപിഎം ശ്രമം. പി. നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റി കെ ടി ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനാണ് നീക്കം’ പി. നന്ദകുമാറിനെതിരേ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
മലപ്പുറം ജില്ലയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ലഭിച്ച ഒരേയൊരു സീറ്റാണ് പൊന്നാനി. അത് നഷ്ടപ്പെടുത്താന്‍ സിപിഎം തയ്യാറല്ല. പ്രാദേശികമായി വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ പി. നന്ദകുമാറിനെ മാറ്റുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടൊപ്പം എം.ബി. രാജേഷിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാമെന്ന ആലോചനയുണ്ടെന്ന സൂചനയുമുണ്ട്.
തവനൂരും പൊന്നാനിയും അടുത്തടുത്ത മണ്ഡലങ്ങളായതിനാല്‍ ഇരു മണ്ഡലങ്ങളിലും ജലീലിന് ജനപിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ ജലീല്‍ പൊന്നാനിയില്‍ മത്സരിച്ചാല്‍ വിജയിക്കും എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കെ.ടി. ജലീല്‍ കൂടി സമ്മതിച്ചാല്‍ ജലീല്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകും.
പി.നന്ദകുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് സംസ്ഥാന സമിതി നിര്‍ദേശമുണ്ട്. ഈ നിര്‍ദേശത്തിന്റെകൂടി അടിസ്ഥാനത്തില്‍ നന്ദകുമാറിനെ തവനൂരില്‍ മത്സരിപ്പിക്കാം എന്ന ആലോചനയും നടക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രഥമിക ആലോചനകളാണ് നടക്കുന്നത്.