HEALTH
മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകും

വാഷിംഗ്ടണ്‍: മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനറിപ്പോര്‍ട്ട്. ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ നടത്തിയ കൊവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ഇന്ത്യയിലെ കൊവിഡ് വ്യാപനം വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നും പഠനത്തില്‍ പറയുന്നു. മെയ് 10 ന് ആകുമ്പോള്‍ കൊവിഡ് മരണങ്ങളുടെ എണ്ണം 5,600 ആയി ഉയരുമെന്ന് പഠനത്തില്‍ പറയുന്നു. ഏപ്രില്‍ 12 നും ആഗസ്റ്റ് 1 നും ഇടയില്‍ 3,29,000 മരണങ്ങള്‍ കൂടിയുണ്ടാകുമെന്നും ഇതോടെ ആകെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആയിട്ടുണ്ട്. 24,331 പുതിയ കൊവിഡ് കേസുകളാണ് ദല്‍ഹിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
32 ശതമാനമാണ് ദല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി റേറ്റ്. നിലവില്‍ ദല്‍ഹിയില് 92000 ആക്ടീവ് കേസുകളാണുള്ളത്.
അതേസമയം, ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. കേന്ദ്രത്തിന്റെ പക്കല്‍ നിന്ന് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.
കൊവിഡ് വ്യാപനത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞദിവസം ദല്‍ഹി സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഓക്‌സിജന്‍ ഒട്ടും ഇല്ലാത്ത ആറ് സ്വകാര്യ ആശുപത്രികളുടെയും ക്ഷാമം നേരിടുന്ന മറ്റു ആശുപത്രികളുടെയും പട്ടികയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ടത്.