KERALA
പതിനഞ്ചാം നിയമസഭയ്ക്ക് ആദ്യസമ്മേളനം; കെ ബാബുവിന്റെയും എ വിൻസന്റിന്റെയും സത്യപ്രതിജ്ഞ പിന്നീട്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. ഇന്നത്തെ കാര്യപരിപാടി എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. 53 പേർ നിയമസഭയിൽ പുതുമുഖങ്ങളാണ്. രാവിലെ ഒമ്പത് മണിമുതൽ പ്രോടെം സ്പീക്കർ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങിയത്. അക്ഷരമാലാക്രമത്തിലാണ് അംഗങ്ങളെ വിളിക്കുന്നതും സത്യപ്രതിജ്ഞ ചെയ്യുന്നതും. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
കെ ബാബു, എ വിൻസെന്റ് എന്നിവർ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. കോവിഡ് ബാധയും ക്വാറന്റീനും കാരണമാണ് ഈ അംഗങ്ങളുടെ സത്യപ്രതിജ്ഞ നീട്ടിയത്.
പതിനാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻചാണ്ടിയാണ് സീനിയർ. അദ്ദേഹം 12ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.