Crime
സ്വര്‍ണക്കടത്തിൽ അര്‍ജുന്‍ ആയങ്കി കണ്ണിയാണെന്ന് കസ്റ്റംസ്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കി കേസില്‍ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അര്‍ജുനാണ് മുഖ്യസൂത്രധാരനെന്ന് വ്യക്തമാക്കിയത്. തനിക്ക് ഇതിന്റെ പ്രതിഫലമായി നാല്‍പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്.
വിമാനത്തില്‍ നിന്ന് പോരുന്നതിന് മുന്നെ അര്‍ജുന്‍ ആയങ്കി വിളിച്ചിരുന്നു. ഇട്ടിരിക്കുന്ന ഷര്‍ട്ട് മാറ്റണമെന്നും വേറൊരു നിറത്തിലുള്ള ഷര്‍ട്ട് ഇടണമെന്ന് ആവശ്യപ്പെട്ടതായും ഷെഫീഖിന്റെ മൊഴിയിലുണ്ട്. സ്വര്‍ണക്കടത്ത് റാക്കറ്റുകള്‍ക്കിടയില്‍ കുടിപ്പകയുണ്ടെന്നും സ്വര്‍ണം കടത്തുന്നത് ചോര്‍ത്തുമെന്ന് മനസ്സിലായത് കൊണ്ടാവാം ഷര്‍ട്ട് മാറ്റണമെന്നാവശ്യപ്പെട്ടത് എന്നാണ് കസ്റ്റംസ് കരുതുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വര്‍ണം ഷെഫീഖില്‍ നിന്ന് വാങ്ങാനായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പദ്ധതി. എന്നാല്‍ ഇതിന് മുന്നെ ഷെഫീഖ് പിടിയിലാവുകയായിരുന്നു.
കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയാണ് അര്‍ജുന്‍ ആയങ്കി. ഇയാളുടെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ വരെ അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പിന്നീട് ഒളിവില്‍ പോവുകയും ചെയ്തു.