HEALTH
വ്യാജ കൊവിഡ് പരിശോധന . കുംഭ മേളയ്ക്കിടെ രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ക്രമക്കേട്

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്ക്കിടെ നടന്ന വ്യാജ കൊവിഡ് പരിശോധന കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ച് ഡയഗ്‌നോസ്റ്റിക് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച പരിശോധന നടത്തി.
ലാബുകള്‍ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. കുംഭമേളയില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയും ആര്‍ടി-പി.സി.ആര്‍ പരിശോധനയും നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഈ ലാബുകള്‍ക്ക് കരാര്‍ നല്‍കിയിരുന്നു.
എന്നാല്‍ ലാബുകള്‍ ആവശ്യമായ പരിശോധനകള്‍ നടത്താതെ കൊവിഡ് പരിശോധനയ്ക്കായി വ്യാജ എന്‍ട്രികള്‍ രേഖപ്പെടുത്തുകയും വ്യാജ ബില്ലുകള്‍ തയ്യാറാക്കുകയും ചെയ്‌തെന്നാണ് ആരോപണം.
ഈ ലാബുകളുടെ തെറ്റായ നെഗറ്റീവ് പരിശോധന കാരണം, ആ സമയത്ത് ഹരിദ്വാറിലെ പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്. 5.3 ശതമാനമായിരുന്നു.