KERALA
ഹരിത ഉന്നയിച്ച ലൈംഗികാധിക്ഷേപ പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരായി ഹരിത ഉന്നയിച്ച ലൈംഗികാധിക്ഷേപ പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പാർട്ടി എടുത്തത് പാർട്ടിയുടെ തീരുമാനമാണ്. അതിൽ നടപടി എടുക്കും മുൻപ് ഹരിതയുടെ വിശദീകരണം കേട്ടില്ലെന്നും ഫാത്തിമ പരാതിപ്പെട്ടു.
ഓരോ ലീഗ് നേതാക്കളേയും നേരിട്ട് പരാതി അറിയിച്ചു. പാർട്ടി വേദികളിലും വനിത കമ്മീഷനിലും മാത്രമാണ് പരാതി നൽകിയത്. പാർട്ടി നടപടി വൈകിയതിനാലാണ് വനിത കമ്മീഷനെ സമീപിച്ചത്. പരാതി നൽകിയ പത്ത് പേരും ഹരിതയുടെ സംസ്ഥാന ഭാരവാഹികളാണ്.തുടർനടപടിയെ കുറിച്ച് ചോദിച്ചപ്പോൾ പിഎംഎ സലാമിനെ പരാതി ഏൽപ്പിച്ചു എന്നായിരുന്നു കിട്ടിയ വിശദീകരണം.
ഹരിത മുസ്ലീം ലീഗിന് തലവേദനയാണെന്ന പരാമർശം വേദനയുണ്ടാക്കുന്നതാണ്. എംഎസ്എഫിനെ പല ക്യാമ്പസുകളിലും നയിക്കുന്നത് ഹരിതയാണ്. കാണാമറയത്തെ ഒരുപാട് പെൺകുട്ടികളുടെ ശബ്ദമാണ് ഹരിത. സ്ത്രീപക്ഷത്ത് നിന്നാണ് ഹരിത സംസാരിക്കുന്നത്.എന്നാൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയവർക്ക് സ്വാഭാവിക നീതി കിട്ടി. സാമൂഹിക മാദ്ധ്യമങ്ങൾ വഴി തങ്ങളെ ഇപ്പോഴും വ്യക്തിഹത്യ നടത്തുകയാണ്. സഹിക്കുന്നതിന്റെ അങ്ങേയറ്റമാണ് ഇപ്പോഴുള്ളത്. സ്ത്രീപക്ഷവും പുരുഷപക്ഷവും ചേരുന്നതാണ് ജനാധിപത്യം. എന്നാൽ ലീഗിൽ ഇപ്പോഴും പ്രതീക്ഷ പുലർത്തുകയാണെന്നും ഫാത്തിമ തഹ്‌ലിയ കൂട്ടിച്ചേർത്തു.