Crime
കാക്കനാട് ലഹരിമരുന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

എറണാകുളം :കാക്കനാട് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും. ലഹരിമരുന്ന് കേസിൽ അട്ടിമറി നടന്നെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
രണ്ടു യുവതികൾ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് ആരോപണം. പ്രതികളെ പിടിച്ച ഉടൻ കസ്റ്റംസ് എടുത്ത ഫോട്ടോയിൽ ഏഴ് പ്രതികളാണ് ഉള്ളത്. കസ്റ്റംസിന്റെ വാർത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാ്ൽ എക്സൈസ് കേസിൽ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് മാൻ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാൽ ഇത് മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ 19 -ാം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എൻറഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് വിഭാഗം മഹസറിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കൻ നൽകിയ വിവരമനുസരിച്ചാണ് പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു കിലോ എംഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറിൽ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതിൽ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.