NATIONAL
ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ വന്നത് 900 കോടിയിലധികം രൂപ

പട്‌ന: ബീഹാറിലെ കട്ടിഹാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ വന്നത് 900 കോടിയിലധികം രൂപ. സ്കൂള്‍ യൂണിഫോമിനായി സര്‍ക്കാര്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനെത്തിയപ്പോളാണ് കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടിയത്. പിന്നീട് പണം പിന്‍വലിക്കല്‍ മരവിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പ്രതികരിച്ചു.
കട്ടിഹാറിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഗുരു ചന്ദ്ര ബിശ്വാസും ആശിഷ് കുമാറും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടിയിരിപ്പാണ്. രണ്ട് പേരുടേയും അക്കൗണ്ടുകളിലായി വന്നത് 906.2 കോടി രൂപ.
യൂണിഫോമിനായി സര്‍ക്കാര്‍ നല്‍കുന്ന പണം വന്നോ എന്ന് അറിയാനായി ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോളാണ് കോടികളുടെ നിക്ഷേപം കണ്ടത് . ബീഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു അക്കൗണ്ട്. പണമയക്കുന്ന കമ്പൂട്ടറിലെ തകരാറാണെന്നും പണം പിന്‍വലിക്കുന്നത് മരവിപ്പിച്ചതായും ബ്രാഞ്ച് മാനേജന്‍ മനോജ് ഗുപ്ത അറിയിച്ചു.
കട്ടിഹാര്‍ ജില്ല മജിസ്ട്രേറ്റ് ഉദയന്‍ മിശ്ര ബാങ്ക് മാനേജറോട് റിപ്പോര്‍ട്ട് തേടി. ബീഹാറില്‍ നേരത്തെ രഞ്ജിദാസ് എന്ന അധ്യാപകന്റെ അക്കൗണ്ടിലേക്ക് സമാനമായ രീതിയില്‍ അഞ്ച് ലക്ഷം രൂപ എത്തിയിരുന്നു.