Connect with us

KERALA

പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും, ഒരടി പിറകോട്ടില്ലെന്നും മന്ത്രി റിയാസ്

Published

on

തിരുവനന്തപുരം: കരാറുകാരുമായി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും, എംഎൽഎമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണെന്നും റിയാസ് വ്യക്തമാക്കി.

സ്വന്തം മണ്ഡലത്തിലെ എംഎൽഎമാരുമായി കരാറുകാർ വരുന്നതിൽ തെറ്റില്ല. എന്നാൽ ചില എംഎൽഎമാർ മറ്റു മണ്ഡലങ്ങളിൽ ഇടപെടുന്നുണ്ട്. താൻ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലർ തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.താൻ പറഞ്ഞ കാര്യങ്ങൾ സിഎജി റിപ്പോർട്ടിലും പരാമർശമുള്ള കാര്യങ്ങളാണ്. കരാറുകാരുമായി ഇടപെടുമ്പോൾ അവർ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളിൽ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതിൽ ഭരണകക്ഷി എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.മാർക്കറ്റ് വില കുറയുമ്പോഴും കൂടിയ സമയത്തെ വിലയിട്ട് കരാർ ഉണ്ടാക്കുന്നു. ഒരു ജില്ലയുടെ ഇൻവോയിസ് മറ്റൊരു ജില്ലയുടേതെന്ന് കാണിക്കുന്നു. ഇത് കാരണം സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി പണികൾ തീർക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ട്. താൻ പറഞ്ഞിട്ടുള്ള കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും, ഒരടി പിറകോട്ടില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Continue Reading