Crime
വസ്ത്രത്തിന് മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാലും ലൈംഗിക അതിക്രമം തന്നെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ ലൈംഗിക അതിക്രമം തന്നെയെന്ന് സുപ്രീംകോടതി. വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തില്‍ തൊട്ടത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബേ ഹൈക്കോടതി നാഗ്‌പൂര്‍ ബെഞ്ചിന്‍റെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിതിന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ശരീരങ്ങള്‍ തമ്മില്‍ നേരിട്ട് സ്പര്‍ശനമുണ്ടായാല്‍ മാത്രമേ പോക്‌സോ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയുള്ളു എന്നായിരുന്നു ബോംബെ ഹൈക്കോടതി ബെഞ്ചിന്റെ വിധി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പിലെ കുറ്റം മാത്രമേ അല്ലാത്ത പക്ഷം ചുമത്താനാവൂ എന്നും ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. ഉത്തരവിന് പിന്നാലെ വലിയ വിമര്‍ശമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ, ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
ഇത്തരത്തിലുള്ള സ്പര്‍ശവും പോക്‌സോ സെക്ഷന്‍ 7 പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പോക്സോ നിയമത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊള്ളണമെങ്കില്‍ ഹൈക്കോടതി നടത്തിയതുപോലെ ഒരു നേരിയ വ്യാഖ്യാനം നടത്തിയാല്‍ മതിയാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.