KERALA
ലൈഫ് മിഷന്‍ ടാക്‌സ് ഫോഴ്‌സ് പ്രത്യേക ക്ഷണിതാവ് സ്ഥാനം ചെന്നിത്തല രാജിവെച്ചു

തിരുവനന്തപുരം: വടക്കാഞ്ചേരി പാര്‍പ്പിട സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും-റെഡ് ക്രസന്റും, -യൂണിടാക്കും തമ്മിലും ഏര്‍പ്പെട്ടിരിക്കുന്ന വിവിധ കരാറുകള്‍ അടക്കമുള്ള മുഴുവന്‍ രേഖകളും വിശദാംശങ്ങളും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ സിബിഐ അന്വേഷണം വേണം. റെഡ്ക്രസന്റുമായി ഒപ്പിട്ട എംഒയു സര്‍ക്കാരിനോട് ചോദിച്ചിട്ടും തരാത്ത സാഹചര്യത്തില്‍ ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവയ്ക്കുകയാണെന്നും രാജികത്ത് മുഖ്യമന്ത്രിക്കു കൈമാറിയതായും ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് റെഡ്ക്രസന്റുമായി ഏര്‍പ്പെട്ട എംഒയു പ്രതിപക്ഷം ചോദിച്ചിട്ടും തന്നില്ല. ഒന്നര മാസമായി കാത്തിരിക്കുന്നു. ഇനി കാത്തിരുന്നിട്ട് കാര്യമില്ലാത്തതിനാലാണ് ലൈഫിന്റെ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവയ്ക്കുന്നത്.വലിയ അഴിമതിയാണ് ലൈഫില്‍ നടന്നത്. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയുടെ കമ്മിഷന്‍ അടിച്ചെടുത്തു. ഇതിനെക്കുറിച്ച് തൃപ്തികരമായ മറുപടി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ലൈഫില്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ല. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് അന്വേഷിക്കാന്‍ വിജിലന്‍സിനു പരിമിതിയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.