Crime
മോഫിയ പർവീണിന്റെ മരണവുമായ് ബന്ധപ്പെട്ട് ആലുവ സി. ഐ സുധീറിനെ സസ്പെന്റ് ചെയ്തു

കൊച്ചി; നിയമവിദ്യാർത്ഥി മോഫിയ പർവീണിന്റെ മരണവുമായ് ബന്ധപ്പെട്ട് ആലുവ സി. ഐ സുധീറിനെ സസ്പെന്റ് ചെയ്തു.സി.ഐക്കെതിരെ വകുപ്പുതല നടപടിക്കും തീരുമാനമുണ്ട്. ഇതോടെ ആലുവ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് മൂന്ന് ദിവസമായി നടത്തി വന്ന പ്രതിഷേധത്തിന് ഫലം കണ്ടു. സി.ഐയെ സസ്പെന്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് അൻവർ സാദത്ത് എം.എൽ.എയും ബെന്നി ബഹനാൻ എം.പിയും ഉറപ്പിച്ച് പറഞ്ഞിരുന്നു.
ഇതിനിടെ ഇന്ന് കാലത്ത് മോഫിയയുടെ മാതാപിതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാക്ക് നൽകിയിരുന്നു.. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നത്.
. ആലുവ പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയായിരുന്നു. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തി വന്നിരുന്നത്. സിഐ സുധീറിനെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്നാണ് അറിയിച്ചിരുന്നത്.
സി.ഐയെ സസ്പെന്റ് ചെയ്ത വിവരം എറണാകുളം എസ്.പി അൻവർ സാദത്ത് എം.എൽ.എയെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ സ്റ്റേഷന് മുന്നിൽ നടത്തി വന്ന സമരം കോൺഗ്രസ് അവസാനിപ്പിച്ചു.