HEALTH
രാജ്യം നാലാം തരംഗ ഭീഷണിയില്‍ രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നു മടങ്ങ് വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വീണ്ടും ഉയരുന്ന തോടെ രാജ്യം നാലാം തരംഗ ഭീഷണിയില്‍.ചൈനയും ദക്ഷിണകൊറിയയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കേസുകള്‍ ഉയരുമ്പോള്‍ നാലാം തരംഗം ഉടനെത്തുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദ്ധര്‍ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനതോത് കൂടിയതാണ് ആശങ്കയ്ക്ക് കാരണം. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നു മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്
കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടക്കം 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകള്‍ അടച്ചു.
നോയിഡയിലെ സ്‌കൂളിലാണ് അദ്ധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡല്‍ഹിയിലെ കൊവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ സൂചിപ്പിച്ചു.
ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദമായ എക്സ്ഇ പല രാജ്യങ്ങളിലും ആശങ്ക വിതയ്ക്കവേ ഇന്ത്യയിലെ ജനങ്ങളും ജാഗ്രത കൈവിടരുതെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ഇനിയും രാജ്യത്ത് നിന്ന് ഇല്ലാതായിട്ടില്ലെന്നും അതിവേഗം മാറുന്ന വൈറസ് പല രൂപത്തിലും മടങ്ങിയെത്താമെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ ജനങ്ങളോട് സംവദിക്കുന്നതിനിടെ അദ്ദേഹം വ്യക്്തമാക്കിയിരുന്നു.
ഇന്ത്യയില്‍ അടുത്ത തരംഗം ജൂണ്‍-ജൂലൈ മാസത്തോടെയെത്തി ഓഗസ്റ്റില്‍ മൂര്‍ധന്യാവസ്ഥ പ്രാപിക്കുമെന്ന് ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു. ഒമിക്രോണിന്റെ ബിഎ1, ബിഎ.2 ഉപവകഭേദങ്ങള്‍ ചേര്‍ന്നുള്ള എക്സ്ഇ ഉപവകഭേദം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.മുംബൈയിലെ 67കാരനിലാണ് എക്സ്ഇ ഉപവകഭേദം കണ്ടെത്തിയത്. യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത എക്സ്ഇ ഇന്നേ വരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വകഭേദങ്ങളില്‍ വച്ച് ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.