Connect with us

Crime

എകെജി സെന്റര്‍ ആക്രമണം നടന്ന് ഒരുമാസം പിന്നിടുന്നു.  പൊലീസിനും സര്‍ക്കാരിനും നാണക്കേടായിത്തുടരുന്ന കേസ്

Published

on

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം നടന്ന് ഇന്ന് ഒരുമാസം പിന്നിടുന്നു. വിവാദമായ കേസില്‍ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സര്‍ക്കാരിനും നാണക്കേടായിത്തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. അതിനിടെ പടക്കമേറ്, പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ മാസം 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം രാത്രി തന്നെ വന്‍ വിവാദമായി കത്തിപ്പടര്‍ന്നു. സെന്ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതല്‍ ചര്‍ച്ചയായി. ആക്രമണം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതിയാരെന്ന് വിധിയെഴുതി. സംസ്ഥാനത്ത് ഉടനീളം വന്‍ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തില്‍ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറന്‍സിക് സംഘമെത്തി പരിശോധന തുടങ്ങി.
നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്‌കൂട്ടറില്‍ ഒരാള്‍ വന്ന് പടക്കമെറിയുന്ന എകെജി സെന്ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡല്‍ ഡിയോ സ്‌കൂട്ടര്‍ ഉടമകളെ മുഴുവന്‍ ചോദ്യം ചെയ്തു. എന്തിനധികം പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. ഒന്നും കിട്ടിയില്ല പൊലീസിന്.
ഒടുവില്‍ എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴു പൊലീസുകാരില്‍ അഞ്ചുപേര്‍ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ വിശ്രമത്തിലായിരുന്നു. ആര്‍ക്കെതിരെയും നടപടിയില്ല. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടു വെന്ന് പറയുന്ന സ്‌ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാര്‍ പോലും അറിഞ്ഞില്ലെന്നാണ് മൊഴി.
ഇതിനിടെ അന്വേഷണം ബോധപൂര്‍വ്വം മുക്കിയെന്ന ആക്ഷേപവും സര്‍ക്കാരിനെയും പൊലീസിനെയും കൂടുതല്‍ വെട്ടിലാക്കുന്നു. സംഭവ ദിവസം എകെജി സെന്ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതല്‍ പൊലീസ് സംശയിച്ചു. പക്ഷെ തട്ടുകടക്കാരന്റെ പ്രാദേശിക സിപിഎം ബന്ധം ഫോണ്‍ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിര്‍ത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

Continue Reading