Crime
യൂട്യൂബ് നോക്കി 12 കാരൻ വൈൻ ഉണ്ടാക്കി. അത് കുടിച്ച സഹപാഠി ആശുപത്രിയിൽ
തിരുവനന്തപുരം: യൂട്യൂബ് നോക്കിപന്ത്രണ്ടുകാരൻ നിർമ്മിച്ച മുന്തിരിവൈൻ കുടിച്ച സഹപാഠി ആശുപത്രിയിൽ. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെയാണ് സംഭവം . വൈൻ ക്ളാസിൽ വച്ച് കുടിച്ച വിദ്യാർത്ഥി ഛർദ്ദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
രക്ഷിതാക്കൾ വാങ്ങിയ മുന്തിരി ഉപയോഗിച്ച് യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ കുട്ടി വൈൻ നിർമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്കൂളിലെത്തി അധികൃതരോട് വിവരങ്ങൾ അന്വേഷിച്ചു. വൈൻ സ്കൂളിലെത്തിച്ച വിദ്യാർത്ഥിയുടെ മാതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിവരങ്ങൾ അറിയിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
