Crime
അധ്യാപികയെ ബലാത്സംഗം ചെയ്ത പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങള്‍ ഇന്‍റർനെറ്റിൽ
ലക്നൗ : ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ 22 വയസ്സുകാരിയായ അധ്യാപികയെ ബലാത്സംഗം ചെയ്ത പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങള്‍ ഇന്‍റർനെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
രണ്ട് മാസം മുന്‍പ് സ്‌കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം അബോധാവസ്ഥയില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വിഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടല്‍മുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ 26 നാണ് അധ്യാപിക സംഭവം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പരാതി നല്‍കിയതിനു പിന്നാലെ പീഡന ദൃശ്യങ്ങള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതിനു പിന്നാലെ യുവതിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
