Connect with us

Crime

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

Published

on

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്‌കോടതി ഉത്തരവെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണല്‍ സെഷന്‍സ് കോടതി പരമാര്‍ശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു.
അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനാലുമാണ് പരാതി നല്‍കാന്‍ വൈകിയത്. സിവികിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറത്തിറക്കിയ ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഇരയ്ക്ക് കോടതിയെ സമീപിക്കാന്‍ ആകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. അതിജീവിത നല്‍കിയ അപ്പീലില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഇനി പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തിങ്കളാഴ്ച, ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന ആദ്യ കേസില്‍ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. സെഷന്‍സ് കോടതി ഉത്തരവ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന് എതിരാണെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയെ കുറിച്ചുള്ള സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഹര്‍ജിയിലുണ്ട്. അപ്രസക്തമായ കാര്യങ്ങള്‍ പരിഗണിച്ചാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading