Crime
എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ. മൺവിള സ്വദേശിയായ ജിതിൻ ആണ് ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിലുള്ളത്. എ കെ ജി സെന്ററിൽ പടക്കമെറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. എസ് പി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ‌്‌തു വരികയാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു കേട്ടിരുന്നു. ഇപ്പോൾ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ജൂൺ 30 നാണ് എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത്. യൂത്ത് കോൺഗ്രസിനെ കരിവാരി തേക്കാനാണ് ശ്രമമെന്നും അറസ്റ്റ് നാടകമാണെന്നും വി.ടി ബലറാം പറഞ്ഞു.
