Connect with us

Crime

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഓ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവരടക്കം നൂറോളം പേർ കസ്റ്റഡിയിൽ

Published

on


ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ  എന്‍ഐഎയും ഇ.ഡിയും ബുധനാഴ്ച അര്‍ധരാത്രിയോടെ  നടത്തിയത് നാടകീയമായ നീക്കം.13 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടന്നുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഓ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവരടക്കം നൂറോളം പേരെയാണ്  വിവിധ ഭാഗങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവ സംയുക്തമായാണ് റയ് ഡ് നടത്തിയത്. സംസ്ഥാന പോലീസിന്റെയും പിന്തുണയോടെ ആയിരുന്നു പല സംസ്ഥാനങ്ങളിലും റെയ്ഡ്. കേരളത്തില്‍നിന്ന് 22 പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും 20 പേര്‍ വീതം പിടിയിലായി. തമിഴ്‌നാട്ടില്‍നിന്ന് 10 പേരെയും അസമില്‍നിന്ന് ഒന്‍പത് പേരെയും, ഉത്തര്‍പ്രദേശില്‍നിന്ന് 8 പേരെയും, ആന്ധ്രാപ്രദേശില്‍നിന്ന് 5 പേരെയും, മധ്യപ്രദേശില്‍നിന്ന് 4 പേരെയും, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്ന് 3 പേരെ വീതവും, രാജസ്ഥാനില്‍നിന്ന് 2 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പുലര്‍ച്ചെ 3.30-നാണ് എല്ലായിടത്തും റെയ്ഡുകള്‍ തുടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ദിന്‍കര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക റെയ്ഡുകള്‍ നടന്നത്.
റെയ്ഡിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ വാര്‍ത്താക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Continue Reading