Crime
ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷമായ ഇടത് സൈബര്‍ ആക്രമണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം
ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷമായ ഇടത് സൈബര്‍ ആക്രമണം. ആഭ്യന്തര വകുപ്പ് തികഞ്ഞ
പരാജയം
തിരുവനന്തപുരം: പൊലീസിനെതിരേ തുടർച്ചയായുണ്ടാകുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷമായ ഇടത് സൈബര്‍ ആക്രമണം. സജീവ സിപിഎം പ്രവർത്തകരുടെ പ്രൊഫൈലുകളുൾപ്പെടെ പൊലീസിന്റെ പെരുമാറ്റത്തിനെതിരേ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ഒരാഴ്ചയ്ക്കിടെ പത്തോളം ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിനെതിരേ വിവിധ ഭാഗങ്ങളിൽ നിന്ന് ഉന്നയിക്കപ്പെട്ടത്. ഇതിൽ മാമ്പഴ മോഷണം മുതൽ മൂന്നാംമുറ, വീടുകവർച്ച വരെ ഉൾപ്പെടുന്നു. കോതമംഗലത്തും മലപ്പുറത്തും മണ്ണാർക്കാടും വിദ്യാർഥികളെ മർദിക്കൽ, മഞ്ചേരിയിൽ സ്ത്രീയെ കുട്ടിയുടെ മുന്നിൽ വച്ച് വലിച്ചിഴച്ച് കൊണ്ടുപോകൽ അടക്കം ഈ ആഴ്ചകയിലെ വാർത്തകളിൽ നിറഞ്ഞത് പൊലീസിന്റെ അതിക്രമങ്ങളായിരുന്നു.
കൊല്ലം കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തിന്റെയടക്കം പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും പിണറായി വിജയന് ഒഴിഞ്ഞുനിന്ന് മറ്റാരെയെങ്കിലും വകുപ്പ് ഏല്‍പ്പിക്കണമെന്നും അടക്കമാണ് സമൂഹമാധ്യമ പോസ്റ്റുകളിലെ ഉള്ളടക്കം. ഇടത് സഹയാത്രികരില്‍ നിരവധി പേരാണ് ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ആഭ്യന്തര വകുപ്പിനെതിരേ ശരങ്ങൾ തൊടുത്തുവിടുന്നത്. മാധ്യമപ്രവർത്തകൻ മരിച്ച ശ്രീറാം വെങ്കിട്ടരാമന് പ്രതിയായ കാറപപട കേസിലും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് നീതി നടപ്പാക്കുമെന്നാണ്. അതും നടപ്പായില്ല.
ഇടതുപക്ഷ സംഘടനകളായ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസിന്റെ കടുത്ത മർദനമുറകളുണ്ടായി. തൃശൂരിൽ വിവരാവകാശ പ്രവർത്തകനെ കുരുക്കാൻ കോടതിയുടെ സമൻസ് പൂഴ്ത്തി വ്യാജ ഒപ്പിട്ട് നൽകിയത് വിവരാവകാശ മറുപടിയോടെ കണ്ടെത്തിയിട്ടുണ്ട്. കൊടകര പൊലീസിനെതിരെയാണ് ആരോപണം. തൃശൂർ സിറ്റി കൺട്രോൾ റൂമിൽ പെറ്റിക്കേസ് ക്വാട്ട തികയ്ക്കാത്തതിന് എഎസ്ഐക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. കൺട്രോൾ റൂം പൊലീസിനെ ഇത്തരം ചുമതലകളിലേക്ക് നിയോഗിക്കരുതെന്നിരിക്കെ ചട്ടം ലംഘിച്ച പ്രവൃത്തി പുറത്തറിഞ്ഞതോടെ നോട്ടീസ് പുറത്തുവിട്ടതിന് നടപടിയെടുക്കാൻ ഒരുങ്ങുകയാണ്.
പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും എൽഡിഎഫിനോ സിപിഎമ്മിനോ യാതൊരു നിയന്ത്രണവും പൊലീസിനു മേൽ ഇല്ലെന്നും ആരോപണമുർന്നിട്ടുണ്ട്. ഇടതുപക്ഷ പ്രവർത്തകരാണെന്ന് പൊലീസ് സ്റ്റേഷനുകളിൽ പറയാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നിരവധി ഇടതു പോസ്റ്റുകളിലുണ്ട്. ആഭ്യന്തര വകുപ്പ് പിണറായി വിജയന് ഒഴിഞ്ഞ് മറ്റാരെയെങ്കിലും സ്വതന്ത്രമായി ഏല്‍പ്പിക്കണമെന്നാണ് ഇടതുപ്രവർത്തകരുടെ ആവശ്യം. സിപിഎമ്മിന്റെ മുതിർന്ന ആരെയെങ്കിലും മന്ത്രി സ്ഥാനമേൽപ്പിക്കണമെന്നാണു മുറവിളി. എം.വി. ജയരാജനു പകരം പി. ശശി പൊളിറ്റിക്കൽ സെക്രട്ടറിയായതിനു ശേഷമാണ് പൊലീസിന്റെ ഗുരുതര വീഴ്ചകളുണ്ടാകുന്നത് എന്നതും സിപിഎമ്മിന് തലവേദനയാണ്. രാജ്യസഭാംഗമായി പോയ ജോൺ ബ്രിട്ടാസിന്റെ അഭാവവും ചർച്ചയാകുന്നു. എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷം കണ്ണൂരിൽ നിന്ന് മുതിർന്ന നേതാവ് മന്ത്രിസഭയിലെത്തുമെന്ന് ഇടതുപ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. ഗോവിന്ദൻ എംഎൽഎ സ്ഥാനം രാജിവച്ച് പകരം തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് മുതിർന്ന നേതാവിനെ മത്സരിപ്പിച്ച് ആഭ്യന്തര വകുപ്പ് നൽകണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. അതും നടന്നിട്ടില്ല.
