Crime
ആം ആദ്മിയെ വെട്ടിലാക്കി സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖർ .കോടിക്കണക്കിനു രൂപ കൈക്കൂലു നൽകിയെന്ന് വെളിപ്പെടുത്തൽ
ആം ആദ്മിയെ വെട്ടിലാക്കി സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖർ .കോടിക്കണക്കിനു രൂപ കൈക്കൂലു നൽകിയെന്ന് വെളിപ്പെടുത്തൽ
ന്യൂഡൽഹി:ആം ആദ്മി പാർട്ടിക്ക് കോടിക്കണക്കിനു രൂപ കൈക്കൂലു നൽകിയെന്ന സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖറിന്റെ അവകാശവാദം തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തന്റെ സുരക്ഷയ്ക്കായി മന്ത്രി സത്യേന്ദർ ജെയിന് 10 കോടി രൂപ ഉൾപ്പെടെ എഎപിക്കു പണം നൽകിയെന്നായിരുന്നു സുകാഷിന്റെ വാദം. ഇത് ഏറ്റെടുത്ത ബിജെപി, എഎപി ‘തട്ടിപ്പ് പാർട്ടി’ ആണെന്ന് ആരോപിച്ചിരുന്നു.
എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിൽനിന്നും മോർബി തൂക്കുപാലം ദുരന്തത്തിൽനിന്നും ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കേജ്രിവാൾ പറഞ്ഞു.
‘ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണ്. മോർബിയിൽനിന്നു ശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് അവർക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല. ബിജെപിയും കോൺഗ്രസും ഒത്തുചേർന്ന് പ്രവർത്തിച്ചു. ഇത്തവണ ആം ആദ്മി പാർട്ടി കാരണം അവർ ബുദ്ധിമുട്ടുകയാണ്. സത്യേന്ദർ ജെയിനിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഒരു തട്ടിപ്പുകാരനെ ഉപയോഗിച്ച അവർ നിരാശരാണ്.’ കേജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയയെ മദ്യ കുംഭകോണം ആരോപിച്ച് കുടുക്കാനും ശ്രമിച്ചെന്നും കേജ്രിവാൾ ആരോപിച്ചു.
സുകാഷ് ചന്ദ്രശേഖർ ആം ആദ്മി പാർട്ടിക്ക് 60 കോടി രൂപ നൽകിയെന്നും രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുന്നതിന് 50 കോടി രൂപ നൽകിയെന്നും ബിജെപി ആരോപിച്ചു. ഡൽഹി ലെഫ്.ഗവർണർ വിനയ് കുമാർ സക്സേനയ്ക്കു സുകാഷ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബിജെപി ആരോപണം. ജയിലിൽ വച്ച് തന്നെ കഠിനമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും സുരക്ഷയ്ക്കായി സത്യേന്ദർ ജെയിന് പണം നൽകിയെന്നുമാണ് സുകാഷ് ലഫ്.ഗവർണർക്ക് അയച്ച കത്തിൽ പറഞ്ഞത്. ഉന്നത വ്യക്തികളിൽനിന്നു പണം തട്ടിയ കേസിൽ 2017 മുതൽ സുകാഷ് ചന്ദ്രശേഖർ ജയിലിലാണ്.
