Crime
ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴിനൽകിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ
തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴിനൽകിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എഫ്‌ഐആർ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന്, എങ്ങനെ അന്വേഷണം വേണമെന്ന് തനിക്ക് നിർദേശിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കത്ത് വ്യാജമാണെന്ന് മേയർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂർ വിശദീകരിച്ചു. എന്നാൽ ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലെ ശുപാർശക്കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യാ രാജേന്ദ്രന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്റെയും ശുപാർശകത്തുകളിലും പിൻവാതിൽ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക. മുൻ കൗൺസിലർ ശ്രീകുമാർ ആണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് ആയിരിക്കും അന്വേഷണം നടത്തുക.
