Connect with us

KERALA

മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്നത് നാക്ക് പിഴയല്ല, അത് ഒരു മനുഷ്യന്റെ സാംസ്‌കാരിക അവബോധമാണെന്ന് എം.വി ഗോവിന്ദൻ

Published

on

തിരുവനന്തപുരം : മന്ത്രി വിഅബ്ദുറഹിമാനെതിരായവൈദികന്റെ പരാമര്‍ശം നാക്കുപിഴയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വികൃതമായ മനസാണ് വാക്കിലൂടെ വ്യക്തമായത്. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ആസൂത്രിതമെന്നും ഗൂഡാലോചന നടത്തിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ബഹുമാനപ്പെട്ട മന്ത്രിയെ ഒരു ഫാദര്‍, അദ്ദേഹം ആ വസ്ത്രത്തിന്റെ മാന്യതയുടെ വിലപോലും കല്‍പ്പിക്കാതെ പരസ്യമായി പറഞ്ഞത് ആ പേരില്‍ ഒരു വര്‍ഗീയതയുണ്ടന്നാണ്. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്ക് പിഴയല്ല, അത് ഒരു മനുഷ്യന്റെ സാംസ്‌കാരിക അവബോധമാണ്. മനസാണ് കാണിക്കുന്നത്. വര്‍ഗീയമായ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമെ അത്തരമൊരു പരാമര്‍ശം നടത്താന്‍ പറ്റൂ. ഒരു മന്ത്രിയുടെ പേര് മുസ്ലീം പേരായതുകൊണ്ട് അത് വര്‍ഗീയതയാണെന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസുണ്ടായവര്‍ക്കേ സാധിക്കൂ. വികൃതമായ ഒരു മനസാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്’- എംവി ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം ഫലപ്രദമായി ഉണ്ടാകണമെന്ന് രൂപത തന്നെയാണ് ആദ്യം ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് സ്വകാര്യ കമ്പനിക്ക് കൊടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. പൊതുമേഖലയില്‍ കൊടുക്കാനാണ് എല്‍ഡിഎഫ് പറഞ്ഞത്. എന്നാല്‍ അവര്‍ സ്വകാര്യ കമ്പനിക്ക് കൊടുത്തു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പിന്നീടുളള സര്‍ക്കാര്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുവന്ന സര്‍ക്കാര്‍ മുന്നോട്ടുപോയത്. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ ഉണ്ടായപ്പോള്‍ അത് സംബന്ധിച്ചഎല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഹരിച്ചു. സമരസമിതി മുന്നോട്ട് വച്ച് ഏഴ് ആവശ്യങ്ങളില്‍ ഒന്നൊഴികെ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

പോര്‍ട്ടിന്റെ ലാഭം മുഴുവന്‍ അദാനിക്ക് ലഭിക്കുന്ന രീതിയിലാണ് കരാര്‍. എന്നാല്‍ സംസ്ഥാനത്ത് വലിയ തോതില്‍ നിക്ഷേപം വരാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ജനാധിപത്യരീതിയില്‍ സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനെ ആരും എതിര്‍ത്തിട്ടില്ല. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണം യാദൃശ്ചികമായി സംഭവിച്ചതല്ല. ആസൂത്രിതമായി ചെയ്തതാണ്. ഇക്കാര്യം സമരപ്പന്തലില്‍ മറ്റൊരു ഫാദര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.സമരത്തിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ട്. അത് ഈ പ്രൊജക്ട് ഒരു തരത്തിലും നടപ്പിലാക്കരുതെന്നുള്ളതാണ്. എന്നാല്‍ അക്കാര്യം പരസ്യമായി പറയാന്‍ പറ്റില്ല. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.



Continue Reading