Connect with us

NATIONAL

ശബരിമലപാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം

Published

on

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീര്‍ത്ഥാടകരാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാന്‍ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങള്‍ പമ്പ മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലപാതയില്‍ ഇന്നും ഗതാഗത നിയന്ത്രണവുമുണ്ട്. ഇലവുംങ്കലില്‍ നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കല്‍ എരുമേലി പാതയില്‍ ഒന്നര കിലോമീറ്റര്‍ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കല്‍ പത്തനംതിട്ട റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിയന്ത്രിത തിരക്കാണ് സന്നിധാനത്ത് ഉണ്ടായത്. അനിഷ്ടസംഭവങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നിലവില്‍
നിയന്ത്രണവിധേയമായി മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നുള്ളൂ. നിലവിലെ നിയന്ത്രണങ്ങള്‍ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്കൊഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടുതുടങ്ങിയതായാണ് വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായി ക്യൂ മാനെജ്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കും. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇന്നും രാത്രി 11.30 വരെ ദര്‍ശനം ഉണ്ടായിരിക്കും.

Continue Reading