Crime
വിദ്യാർത്ഥിയെ മർദ്ദിച്ച കെ എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പൂവാർ ബസ് സ്റ്റാന്‍റിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കെ എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ നെടുമങ്ങാട് കൊപ്പം വീട്ടിൽ എം സുനിൽ കുമാറി (46) നെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിയെ മർദിക്കുകയും സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ പൂട്ടിയിടുകയും ചെയ്തെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും സംഭവം കോർപ്പറേഷന് നാണക്കേട് ഉണ്ടാക്കിയെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് എം ഡി ബിജു പ്രഭാകർ, സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുപുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥി പൊഴിയൂർ സ്വദേശി ഷാനുവിനെ പൂവാർ ബസ് സ്റ്റാന്‍റിൽ വച്ച് കൺട്രോളിംഗ് ഇൻപക്ടർ മർദിച്ചത്. സഹപാഠികളായ പെൺകുട്ടികളോട് സംസാരിച്ചതിന്‍റെ പേരിലാണ് സുനിൽകുമാർ മർദിച്ചതെന്നാണ് ഷാനുവിന്‍റെ പരാതി. ഷർട്ട് കീറിയ നിലയിലുള്ള ഷാനുവിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു,ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളും സ്റ്റാൻഡിലുണ്ടായിരുന്ന നാട്ടുകാരും ഷാനുവിന്‍റെ പരാതി ശരിവച്ചു. കെഎസ്ആർടിസിയുടെ വിജിലൻസ് സംഘം പൂവാർ ബസ്റ്റാന്റിൽ എത്തി അന്വഷണം നടത്തുകയും റിപ്പോർട്ട് എം ഡിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സുനിൽകുമാറിനെ കഴിഞ്ഞദിവസം പൂവാർ പൊലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
