Connect with us

KERALA

വഴിയിൽ നിന്നു കിട്ടിയ മദ്യംകുടിച്ച് ആശുപത്രിയിലായ മൂന്നുയുവാക്കളിൽ ഒരാൾ മരിച്ചു

Published

on

ഇടുക്കി: വഴിയിൽ കളഞ്ഞു കിട്ടിയ മദ്യംകുടിച്ച് ആശുപത്രിയിലായ മൂന്നുയുവാക്കളിൽ ഒരാൾ മരിച്ചു. അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മദ്യത്തിൽ കീടനാശിനിയുടെ അംശം നേരത്തേ കണ്ടെത്തിയിരുന്നു. .അഫ്സരക്കുന്നിൽ നിന്നാണ് യുവാക്കൾക്ക് വഴിയിൽ നിന്ന് മദ്യം ലഭിച്ചത്. കുഞ്ഞുമോനോടൊപ്പം അനിൽകുമാർ, മനോജ് എന്നിവരും മദ്യം കഴിച്ചിരുന്നു. അവശരായതിനെത്തുടന്ന് മൂവരെയും കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിൽ കുഞ്ഞുമോന്റെ നില ഗുരുതരമായിരുന്നു.വഴിയിൽ നിന്ന് മദ്യക്കുപ്പി ലഭിച്ചുവെന്നും അത് കുടിച്ചുവെന്നുമാണ് യുവാക്കൾ അടിമാലി പൊലീസിന് മൊഴിനൽകിയിരിക്കുന്നത്. രാവിലെ ഏഴരയോടെ മൂവരും കൂടി ഒരുമിച്ച് പോകുമ്പോൾ വഴിയിൽക്കിടന്ന് ഒരുകുപ്പി മദ്യം കിട്ടിയെന്നും ഇത് കുടിക്കുകയായിരുന്നു എന്നുമാണ് യുവാക്കൾ പറഞ്ഞത്. മദ്യം കഴിച്ച് കുറച്ചുകഴിഞ്ഞതോടെ കുഞ്ഞുമോനും അനിൽകുമാറിനും ക്ഷീണം അനുഭവപ്പെടുകയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തുകയും ഇവിടെനിന്ന് കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റുകയുമായിരുന്നു.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. കീടനാശിനി കലർത്തിയ മദ്യം യുവാക്കളെ അപായപ്പെടുത്താൻ മനപൂർവം ആരെങ്കിലും കൊണ്ടിട്ടതാണോ എന്നും സംശയമുണ്ട്.

Continue Reading