Crime
കൊച്ചിയിലെ തീ പിടുത്തം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കൊച്ചി :ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി.
തീ പിടുത്ത വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെ തുടർന്ന് ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് ഇന്നു പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയത്.
ഇന്നലെ തീ കുറഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽനിന്നു വൻതോതിൽ പുക ഉയരുകയാണ്. ആലപ്പുഴ ജില്ലയിലെ അരൂരിൽ വരെ ഇന്നലെ പുകയെത്തി. ഇന്നു തമിഴ്നാട്ടിലെ സൂലൂരിൽനിന്നെത്തുന്ന വ്യോമസേനാ ഹെലികോപ്റ്ററുകൾ വെള്ളം സ്പ്രേ ചെയ്തു തുടങ്ങുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചിരുന്നു.