KERALA
ലോ കോളേജില്‍ അധ്യാപകരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൂട്ടിയിട്ട സംഭവത്തെ തള്ളിപ്പറഞ്ഞു എം.വിഗോവിന്ദൻ
ലോ കോളേജില്‍ അധ്യാപകരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൂട്ടിയിട്ട സംഭവത്തെ തള്ളിപ്പറഞ്ഞു എം.വിഗോവിന്ദൻ
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ പ്രിന്‍സിപ്പാളടക്കം അധ്യാപകരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൂട്ടിയിട്ട സംഭവത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തള്ളിപ്പറഞ്ഞു. അത്തരത്തിലുള്ള സമരത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യപരമായ സമരങ്ങളാണ് നടക്കേണ്ടതെന്നും തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.സി.പി.എമ്മിന്റെ പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ. രമ എം.എല്‍.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടത്. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പൊട്ടില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടത് എന്ന കാര്യം പുറത്ത് വന്ന വിവരമാണ്. പൊട്ടും പൊട്ടില്ലായ്മയും യഥാര്‍ഥത്തില്‍ രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്. അതിന്റെ ഉപകരണമായി, പൊട്ടിയ കൈ എന്ന് പറഞ്ഞ് ആളുകളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള നിലപാടാണ് അത്തരത്തില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നം. അത് ശരിയായ സമീപനമല്ല. പൊട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാന്‍ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ടല്ലോ. അപ്പോള്‍ അവിടെ കളവൊന്നും പറയേണ്ട കാര്യമില്ല. സത്യസന്ധമായി തന്നെ പറഞ്ഞാല്‍ മതി’, എം.വി. ഗോവിന്ദന് പറഞ്ഞു.
പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ടാണ് സഭ തുടര്‍ച്ചയായി സ്തംഭിക്കുന്നത്. പ്രതിപക്ഷത്തിനിടയിലുള്ള പ്രശ്‌നങ്ങള്‍ മൂടിവെക്കാനുള്ള മറയായിട്ടാണ് നിയമസഭയില്‍ അക്രമവും പ്രശ്‌നങ്ങളും അരങ്ങേറുന്നത്. അവര്‍ ശരിയായ രീതയില്‍ സഭാ സംവിധാനത്തോട് യോജിച്ചുപോയാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഓരോ ദിവസവും ജീര്‍ണ്ണമായ പദപ്രയോഗങ്ങളും മറ്റുമാണ് പ്രതിപക്ഷ നേതാവായാലും മറ്റുള്ളവരായാലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിന് പകരം, വ്യക്തികളെ അധിക്ഷേപിക്കാനുള്ള ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ പദപ്രയോഗങ്ങല്ല ഉപയോഗിക്കേണ്ടത്.’, എം.വി. ഗോവിന്ദന് പറഞ്ഞു.
