Crime
അയ്യപ്പന്റെ പേരിൽ കെ ബാബു വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയാണെന്ന എം.സ്വരാജിന്റെ പരാതി നിലനിൽക്കുമെന്ന് കോടതി
കൊച്ചി : ശബരിമല അയ്യപ്പന്റെ പേരിൽ കെ ബാബു വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന എം.സ്വരാജിന്റെ പരാതി നിലനിൽക്കുമെന്ന് കോടതി.
കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജിയാണ് നിലനിൽക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.. കേസ് നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ ഹർജി കോടതി തള്ളി. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹർജിയിലെ ആരോപണം.
‘അയ്യപ്പന് ഒരു വോട്ട്’ എന്ന് പ്രിന്റ് ചെയ്‌ത സ്ലിപ്പിൽ അയ്യപ്പന്റെ വിഗ്രഹചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്‌തെന്നായിരുന്നു പരാതി. ബാബു വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സ്വരാജിന്റെ ആവശ്യം.
