Crime
മരണം കവർന്നത് ബന്ധുവീട്ടിൽ നോമ്പുതുറയ്‌ക്ക് പോയി തിരിച്ച് വരുമ്പോൾ
കോഴിക്കോട്: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മട്ടന്നൂർ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകൾ സഹറ എന്നിവരാണ് മരിച്ചത്.
രണ്ടര വയസുകാരി സഹറയ്‌ക്കൊപ്പം കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടിൽ നോമ്പുതുറയ്‌ക്ക് പോയതായിരുന്നു റഹ്മത്തെന്ന് ബന്ധു പ്രതികരിച്ചു. മട്ടന്നൂരിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെയാണ് ഇരുവരുടെയും മരണവിവരമറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് അപകടത്തെക്കുറിച്ച് വിളിച്ചുപറഞ്ഞത്. ഉടൻ തന്നെ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഇവിടെയെത്തിയപ്പോഴാണ് മരണവിവരമറിയുന്നതെന്ന് ബന്ധു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.ഇന്നലെ രാത്രി ഒൻപത് മണിക്കാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവിൽ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാർക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ഒരാളുടെ ബൈക്കിലാണ് അക്രമി രക്ഷപ്പെട്ടത്.
